Tuesday, August 8, 2023

അപൂർണം


വരികൾക്ക- 

വസാനമായല്ല , 


ഞാൻ മറന്നാലും നീയുണ്ടായിരുന്നല്ലോ

പറഞ്ഞ് തീർത്ത വർത്തമാനങ്ങൾക്ക്

മറുതലക്കൽ ഒന്നമർത്തി മൂളാൻ ; 


പറയാൻ മടിച്ചു വഴിയിൽ നിന്നുപോയ,

പാതിയെഴുതി വച്ച ആ വാക്കുകൾക്ക് ശേഷം,


പിന്നേയും എന്തെല്ലാമോ കുത്തികുറിച്ചിടത്ത് ,

നിനക്ക് പോലും തിരിച്ചറിയാൻ കഴിയാതെ പോയ ചിലയിടത്ത്,


ഒരു പൂർണ വിരാമം  

സ്മാരകമായി പണിയണം.


ചാപിള്ളയായി പോയ 

ഒരോർമ്മയുടെ സ്മാരകമായി

ഒരു തുള്ളി രക്തം പൊടിയാതെ 

ഒരു കുത്ത്, 

അടിവയറ്റിൽ കലാപങ്ങൾ പേറാതെ 

വെറുമൊരു കുത്ത്

ഒന്നിൽ നിന്നു പെരുകുന്ന

ഒരായിരം കുത്തുകൾ..


നിന്നിൽ നിന്നെന്നിലേക്ക്‌ 

ഒരിക്കലും നിലക്കാതെ 

കാക്കത്തൊള്ളായിരം കുത്ത്....


ജന്മ ദീർഘസമ്മാനം ,നിനക്ക്.